തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ പുതിയ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ കൈവിട്ട് സിപിഐ. തിടുക്കത്തിൽ പിണറായിക്ക് പിന്തുണ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനം കൂടി വന്നശേഷം വിഷയം വിശദമായി ചർച്ച ചെയ്യും.
അതിനുശേഷം ആവശ്യമെങ്കിൽ നിലപാട് വ്യക്തമാക്കാനാണ് സിപിഐയുടെ തീരുമാനം. പിണറായി വിജയനെ ശക്തമായി പിന്തുണച്ച് സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് സിപിഐ നിലപാട് വ്യക്തമാക്കാതെ മൗനം പാലിക്കുന്നത്. ഇതോടെ വിഷയത്തിൽ പിണറായിക്ക് എൽഡിഎഫിന്റെ പൊതുപിന്തുണ ഇല്ലെന്നാണ് സൂചന.
ഇഡിയുടെ രാഷ്ട്രീയ നീക്കങ്ങളെ ദേശീയതലത്തിൽ സിപിഐ ശക്തമായി എതിർക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ സ്വീകരിക്കേണ്ട നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തത്. എന്നാൽ പിണറായി വിജയന്റെ മകൾ ടി.വീണ ഉൾപ്പെട്ട ഇടപാടുകളുടെ സുതാര്യത സംബന്ധിച്ചും യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു.
വീണയുമായി ബന്ധപ്പെട്ട കേസ് അവർ തന്നെ നേരിടട്ടെയെന്ന നിലപാടാണ് സിപിഐ സ്വീകരിച്ചുവരുന്നത്. പുതിയ ഇഡി നീക്കം നേരിട്ട് പിണറായി വിജയനിലേക്കാണ് നീളുന്നതെന്ന് ബോധ്യപ്പെട്ടാലും അടിയന്തരമായി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന അഭിപ്രായത്തിനാണ് സെക്രട്ടേറിയറ്റിൽ മുൻതൂക്കം ലഭിച്ചത്.